എന്നെ പ്രണയിക്കാത്തപ്പോഴൊക്കെ
അവളുടെ വളർത്തുതത്തയുമായി
കൈ നോക്കുവാനിറങ്ങുന്ന ഒരുവൾ
അവൾക്ക് ഇടവും വലവും
അവൾ എന്നും അവളുടേത് എന്നും പേരുള്ള രണ്ട് തത്തകൾ
അവയ്ക്കിടയിൽ ഫലം പോലെ അവൾ
ഒരിയ്ക്കലും എടുക്കാത്ത ചീട്ടിന്റെ അറ്റത്ത് തത്ത
നോട്ടത്തിന്റെ അറ്റത്ത് അവൾ
അവൾക്ക് പിറകിൽ
അവൾ നോക്കിപ്പറയും
ഫലം പിടിയ്ക്കും മരമാവും ഭാവി
ഞാനതിന്റെ വേരുകൾ, അതും വാക്കുകൾ കൊണ്ടുണ്ടാക്കിയത്
വർത്തമാനകാലത്ത് തന്നെ ഭാവിയില്ലാത്തവർ കണ്ടെത്തുന്നത്
ഞാനില്ലാതെ
എന്റെ പ്രണയം
അതിന്റെ വളർത്തുചെമ്പരത്തി
അതിന്റെ വിടർന്ന കേസരം
വിരിഞ്ഞ ഇതളുകൾ
അവൾക്ക് മുന്നിൽ
ചുവന്ന നിറത്തിൽ കൈനോക്കുവാനിരിയ്ക്കുന്നു
അവളുടെ ഫലത്തിന്റെ അറ്റത്ത്
അവളുടെ കൈയ്യുടെ അറ്റത്ത്
അവളുടെ ഉടലിന്റെ അറ്റത്ത് ഞാൻ
അവളുടെ തത്തമ്മയുടെ അറ്റത്ത്, ആകാശം
അടച്ച തവണയുടെ സ്വർണ്ണവും
ഗൃഹാതുരത്വത്തിന്റെ കല്ലുമുള്ള
അറ്റമില്ലാത്ത അവളുടെ മൂക്കൂത്തി പോലും
നോട്ടത്തിന്റെ ചീട്ടെടുക്കും തത്തമ്മ
കൈ നോക്കുവാൻ കൊണ്ടുപോകാത്തപ്പോഴെല്ലാം
അവളുടെ മതം മാറിയ തത്ത
അതിന്റെ
നിസ്ക്കാരത്തൂവൽ മാത്രമെടുത്ത് നിസ്ക്കരിയ്ക്കുവാൻ വരുന്ന
ആകാശം കൊണ്ടുണ്ടാക്കിയ പള്ളിയാവും ഞാൻ
പ്രണയിക്കാത്തപ്പോഴൊക്കെ എന്നെ വിശുദ്ധനാക്കും
അതിന്റെ പച്ചനിറമുള്ള നിസ്ക്കാരത്തഴമ്പ്
എനിയ്ക്ക് മുന്നിൽ
ഇനിയും എഴുതാത്ത കവിതയുടെ
കൈ നോക്കുവാനിരിയ്ക്കും
വാക്കാവും പ്രണയം.
Comments
Post a Comment