ജമന്തികളോടൊപ്പം
ജമന്തിപ്പൂക്കളുടെ ഗ്രാമത്തിൽ
ബുദ്ധജമന്തി
വെയിലിന്റെ പശ
കൊണ്ടൊട്ടിച്ച
സൂര്യൻ
അന്തിമയങ്ങും മുമ്പ്
ജമന്തി
ബുദ്ധനോടൊപ്പം ഒരന്തിമയങ്ങിയ പൂവാകുന്നു
അധികം വരുന്ന ജമന്തിനിറം
ഒരു ബുദ്ധഭിക്ഷു
വസ്ത്രത്തിൽ പുരട്ടുന്നത് പോലെ
അധികം വരുന്ന ധ്യാനം തലയിൽ തേച്ച്
ഗ്രാമത്തിലേയ്ക്ക്
പോസ്റ്റ്മാനേപ്പോലെ
സ്ഥലംമാറി വരുന്നൊരാൾ
ബുദ്ധനാണെന്നിരിക്കട്ടെ
ഒന്നോർത്താൽ
എന്നും ഒരു സന്ധ്യ അധികം വരുന്നയിടം
ഗ്രാമമാകുന്നുണ്ട്
ഒരു ഓർമ്മ എടുത്തുവെച്ച് ജമന്തിപ്പൂവാകുന്ന ഇടത്തിലൂടെ സഞ്ചരിയ്ക്കുന്ന ഒരാൾ
ജമന്തിപ്പാടത്തിലെത്തുമ്പോൾ
ജമന്തിപ്പൂവായി
തിരിഞ്ഞുനോട്ടം ഇറുത്തെടുക്കും പോലെ
ജമന്തിപ്പൂവ് ആവശ്യപ്പെടുന്ന നിർത്ത്
ഒരുപക്ഷേ
തമിഴ്ഗ്രാമത്തിലൂടെ ഓടുന്ന
ഒരു ബസ്സ് പോലെ
എന്റെ കവിത പാലിക്കേണ്ടതുണ്ട്
അങ്ങിനെ നിർത്തിയാൽ
എന്റെ കവിതയിൽ നിന്നും ഇറങ്ങിയേക്കാവുന്ന ജമന്തിപ്പൂവ്
നീട്ടിത്തുപ്പ് ഒഴിവാക്കി
ബന്ദിചേർത്ത മുറുക്കാൻ
മുറുക്കിയിരിക്കും നിറങ്ങൾ
ആദ്യം കാണുന്ന നിറത്തിനോട് ചോദിച്ചേക്കാവുന്ന വഴി
അതിലൂടെയാണ് ഇനി നടത്തം
അതും ജമന്തിപ്പൂക്കൾ പുരണ്ടത്
കടന്നുപോകണം
പൂക്കളുടെ കൊന്തിത്തൊട്ട് കളിയിലെ
ജണ്ടുമല്ലി, ബന്തി, കൊണ്ടപ്പൂവ്
ചെട്ടിമല്ലീ എന്നീ ചുവടുകൾ
എത്തുമ്പോൾ
പകലിന്റെ കൊമ്പുകൾ
വേനലോളം കുലുക്കി
നിറം മറികടന്ന്
ഒരൽപ്പം അല്ല ചേർത്താൽ,
ഋതു അതിന്റെ നിറം.
ഒരു ജല്ലിക്കെട്ട് കാളയാവും
സൂര്യൻ
അരികിൽ ജമന്തിപ്പൂ വിരിഞ്ഞുനിൽക്കും
ധ്യാനഋഷഭം
മഞ്ഞുവിരട്ടൽ എന്ന ഗ്രാമീണ പദം
കൊമ്പിൽ തൂങ്ങി മെരുക്കുമോ
എന്തിനും പോന്ന
ഒരു താൽക്കാലിക
തമിഴ് യുവാവാകുമോ
അവസാനം നീട്ടുള്ള
തമിഴ്ഭാഷയോളം
കാത് ഞാത്തിയിട്ട ബുദ്ധൻ?
പാതിയടഞ്ഞ ധ്യാന ഇമകൾക്ക്
താഴെ
മെരുക്കം ഒരു ജമന്തിപ്പൂവ്
നടത്തത്തിൽ
മടക്കം കലർത്തിയാൽ
നടക്കാതെപോയ ജല്ലിക്കട്ടിലെ
കാളയാവും സൂര്യൻ
ഇപ്പോൾ
പ്രാർത്ഥനയിൽ
പൂക്കളോടൊപ്പം
ജമന്തിപ്പൂക്കളുടെ ഗ്രാമത്തിൽ
ജമന്തിബുദ്ധൻ.
Comments
Post a Comment