Skip to main content

വസന്തമെന്ന് ഒരു ഉടൽതിരുത്ത്

നീയുമായി 
ഒരു തുളസിയില കലഹിക്കും
മണം

ആകാശം ഒരു കതിര്
ശലഭം അത് തലയിൽ വെയ്ക്കുന്നു

അരക്കെട്ടിലെ 
ആത്മീയതയുടെ കതിര്
മൂക്കൂത്തിക്കാട്ടിൽ ഒറ്റപ്പെട്ട് പോയ മൃഗമാവുന്നു

പ്രണയം,
നിനക്ക് ചേരുന്ന ഏകാന്തത
അത് നീ സ്വയം വെച്ചുനോക്കുന്ന 
ഇടം
അതാണൊരു തുടക്കം

മീൻ ഒരു മൃഗം
അത് കടലിനെ കൊത്തി
കാടാക്കുന്നു
ഞാനത് നോക്കിനിൽക്കുന്നു
ഇടയ്ക്ക് അത് ഞാനാവുന്നു

ഋതു ഒരു മൃഗമാണെങ്കിൽ
നീ അത് മേയുവാൻ വരും ഇടം

നീ കടലിന് 
ആഴം പണിഞ്ഞുകൊടുക്കും
കൊല്ലക്കിടാത്തി
അത്രയും ശാന്തമാകുമ്പോൾ
സമുദ്രം എടുത്തുവളർത്തും 
വളർത്തുതിരയും

മഞ്ഞ നിറമുള്ള
ടെന്നീസ്ബോളാവുകയാവണം
നമുക്കിടയിൽ
വിഷാദം

കൊത്തിതീരാത്ത ഒന്നിന്റെ
വൃത്തം 
മരംങ്കൊത്തി സുഷിരത്തിനുള്ളിൽ
സൂക്ഷിയ്ക്കുന്നത് പോലെ
ഒരു സൂക്ഷിപ്പാണ് പ്രണയം
വിഷാദം അതിന്റെ സുഷിരം

നമ്മൾ
അരക്കെട്ടിന്റെ ആരും ഉപയോഗിയ്ക്കാത്ത
രണ്ടുറാക്കറ്റുകൾ
 
പുതിയ കാടാക്കി 
നമ്മൾ പതിയേ എടുക്കുന്നതാവണം
അരക്കെട്ടിന്റെ 
കുതിരകൾ മേയുവാൻ വരും ഇടം
അതുവരെ അവ 
കടൽ പകുത്തുമേയും 
രണ്ട് മീനുകൾ

നാലിതളുള്ള നിശ്ശബ്ദത
പൂവിരിയുന്ന ശബ്ദം ഋതുക്കൾ
ഒളിപ്പിയ്ക്കുന്നത്

പൂക്കൾ നാലു കുതിരകൾ
ഋതുക്കൾ
നാല് കുതിരയുടലുകൾ

മിടുപ്പുകൾക്കിടയിൽ ഹൃദയം
മേയുവാൻ വരും രണ്ടുകുതിരകൾ

അതേ ഗന്ധമുള്ള ഏകാന്തതയ്ക്കരികിൽ
കർപ്പൂരഗന്ധമുള്ള നഗ്നത

വെള്ളാരങ്കല്ലുകൾ വെച്ച് 
പുഴ
ഒഴുക്ക് ഒളിപ്പിയ്ക്കുമ്പോലെ
കുഴിച്ചെടുത്ത
കുതിരക്കുളമ്പൊടിയൊച്ചകൾ
പ്രണയം ഒളിപ്പിയ്ക്കുന്ന ഇടം

പായുമ്പോൾ,
വെളിപ്പെടുത്തുമ്പോഴും
മേയുമ്പോൾ കുതിരകൾ
സ്വയം ഒളിപ്പിയ്ക്കുന്ന
ഇടങ്ങളുണ്ട്.

കുഞ്ചിരോമങ്ങൾക്കിടയിൽ
ഒളിപ്പിച്ച്  കൊണ്ടുവന്ന്
മേയുന്നത് നിർത്തി
പായുന്ന ഉടലുകൾ 
കുതിര പതപ്പിച്ച്
ഒഴിച്ചുകളയും ഇടം

ആയുസ്സ് ദൂരവും
രക്തം വേഗവുമാണെങ്കിൽ
ഹൃദയത്തെ നിരന്തരം 
വസന്തം ഓമനിയ്ക്കും
ഉപമയെന്ന
പേരുള്ള കുതിരയാക്കുന്നു.

എല്ലാ പൂക്കളിൽ നിന്നും 
മടങ്ങും 
മേയുന്ന ഒന്നിന്റെ വസന്തയുടൽ
എന്ന് തിരുത്തുന്നു.

Comments

  1. ആയുസ്സ് ദൂരവും
    രക്തം വേഗവുമാണെങ്കിൽ
    ഹൃദയത്തെ നിരന്തരം
    വസന്തം ഓമനിയ്ക്കും
    ഉപമയെന്ന പേരുള്ള കുതിരയാക്കുന്നു...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!