Skip to main content

മൂളുന്നത് പോലെ

കയറിനിൽക്കുകയായിരുന്നു
മഴവിൽച്ചെരിവിൽ
മഴച്ചെരിവിൽ
മണ്ണ് മയങ്ങുമ്പോൾ 
കേൾക്കുന്ന 
മാറനങ്ങുന്ന താളം

അരക്കെട്ടിലെ പറവച്ചരിവ്
അതിന്റെ കുറച്ചുവെച്ച ചിറകടികൾ

ആരും മിണ്ടുവാനില്ലാത്ത ഒരിടത്തിരുന്ന്
ആരുമില്ലാത്തവരുടെ പരിഭവങ്ങൾ
മൂളി മൂളി കേൾക്കുകയായിരുന്നു
കേട്ടുകൊണ്ടിരുന്ന പാട്ട്

പ്രാവുകളെ പ്പോലെ 
പതിവുകളിൽ കൊക്കുരുമി
പരാതികളില്ലാതെ
രാത്രിയിലും  
ഭ്രമണം തുടരുന്ന
ഭൂമി

ജാലകമില്ലാത്ത വീടുകൾ
വീടുകളും ഇല്ലായെന്നു തന്നെ പറയണം
അവയുടെ സാങ്കൽപ്പിക
ജാലകത്തിനപ്പുറം 
മാഞ്ഞുപോകുന്ന 
ഇന്നലെകൾ

പൂവുകൾ
വിരിയുന്നതിന്റെ 
ഗ്രാമഫോൺ റെക്കോർഡുകൾ പോലെ
മൊട്ടുകൾ വെച്ച് 
അവയുടെ സങ്കടങ്ങൾ 
ഗസലിൽ കേട്ടിരിയ്ക്കുന്നു
കറങ്ങുന്ന കറുപ്പായി 
ഒന്നും ഒട്ടിയ്ക്കാത്ത ഇരുട്ട്

സിദ്ധാർത്ഥനായിരുന്നുവെങ്കിൽ
വാക്കുകൾ
എഴുതിക്കഴിഞ്ഞ 
ഓരോ കവിതയിൽ നിന്നും
ഇറങ്ങിപ്പോകേണ്ട സമയം

രാത്രി മുഴുവൻ
നിലാവിന്റെ പരിഭവങ്ങൾ,
മൂളികേൾക്കുന്ന താളത്തിൽ
ചന്ദ്രന്റെ ഒറ്റമൂളൽ
വെളുക്കാറാവുമ്പോൾ
മഞ്ഞാവുന്നു

ഓരോ മൂളലും
തുളുമ്പുന്നതിന് മുമ്പ്
തുമ്പിയാവുന്ന യാമം

യുഗങ്ങൾക്കപ്പുറം
വാക്കുകൾ കഥയിലെ ബുദ്ധനാവുന്ന
വിധം
അന്തരീക്ഷം ശാന്തം

തുള്ളിയിട്ടില്ല തുമ്പി
പറക്കുന്നതിലേയ്ക്ക്
തുളുമ്പിയിട്ടില്ല തുള്ളിയും

ഇറ്റുന്നതിന് മുമ്പ്
ഒരു തുള്ളിയിലേയ്ക്ക് കയറിനിന്നു
ഇറ്റുന്നത് മാറ്റി ഒരു മൂളലാക്കാമോ
എന്ന് ചോദിച്ചു

തണുത്ത എന്ന വാക്കിന്റെ
കുണുക്കം

മൂളുന്നത് പോലെ 
തുളുമ്പി 
ഒരു തുള്ളിയിറ്റുന്നു.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!