Skip to main content

ചാറ്റൽ നടത്തം

സഞ്ചരിയ്ക്കുകയായിരുന്നു
സഞ്ചാരത്തിന്റെ വ്യാകരണം വന്ന്
വാക്യം പരിശോധിച്ചു
വാചകം ശരിവെച്ചു.
നിശ്ചലമായി നിൽക്കുന്ന മരത്തിനെ കണ്ടു
ഇലയുടെ ആകൃതിയിൽ
നിശ്ചലത നിർത്തി
സഞ്ചാരത്തിന് പുറത്തിറങ്ങി

മരത്തിന്റെ നിശ്ചലതയെ
ബഹുമാനിക്കണമെന്ന്
തോന്നി

കൂടെ പറന്നു
ബഹുമാനത്തിന്റെ ചിറകുള്ള ശലഭം
അതിന് നിശ്ചലതയുടെ നിറമുണ്ടായി വന്നു

മുറിക്കപ്പെട്ടതിന് ശേഷവും
സ്ഥലവും കാലവും  ചേർന്ന്
മരത്തിന്റെ പ്രതിമ
മരം നിന്നിടത്ത് നിലനിർത്തുന്നുണ്ടെന്ന്
തോന്നി.

സ്വയം തോന്നലിന്റെ പ്രതിമയാവുകയായിരുന്നു

പന്നൽച്ചെടിയുടെ പച്ചയില ചേർന്ന പൗരാണികമായ
തണൽ പോലെ
ഉപമയുടെ പ്രതിമ
നിന്നിടത്തുനിന്നു ചലിച്ചു

സമാധിയായതിന് ശേഷം
എന്ന്
പൂമ്പാറ്റകളാൽ തിരുത്തപ്പെട്ട
ഇപ്പോൾ സഞ്ചാരികളുടെ വഴികാട്ടിയായി
ജോലി ചെയ്യുന്ന ശലഭം
പൂർത്തിയാകാത്ത വാചകത്തിൽ വന്നിരുന്നു.

വഴിയിൽ
മരണം ഉപേക്ഷിക്കും വിധം
ചുറ്റും കൂടിയ കാഴ്ച്ചകളുണ്ടായി
അതിന് അടിമയുമായി
പിന്നെ നടന്നു

മരം മുറിച്ചവർക്കുള്ള തണൽ
മരം മുറിയ്ക്കാത്തവർക്കുള്ള തണൽ
എന്ന് മുറിച്ച മരത്തിന്റെ രണ്ടായി
പിളർന്ന ഒരു ചില്ലയുണ്ടായി.

അത് കാഴ്ച്ചകൾക്ക് ശേഷം
പ്രതിമകൾക്ക് വിധേയമായി
മുറിയ്ക്കപ്പെടാത്ത മരങ്ങൾക്ക് മാത്രമായി
പരിമിതപ്പെടുത്തുന്നു.

ചാറ്റൽ മഴയുടെ കാലടികൾ ഉള്ള മനുഷ്യനാവുന്നു

വേദനയുടെ ഏറ്റവും ചെറിയ തുട്ട്
പൊക്കിൽക്കൊടിയുടെ തൂവലുള്ള കിളി
ചേക്കേറലിന്റെ കൂടുള്ള കിളിയോട്
ചോദിയ്ക്കുന്ന ചില്ല

ചോദ്യങ്ങളുടെ ഒടിഞ്ഞ
ചുള്ളിക്കമ്പുകളുണ്ടായി

തന്നിലേയ്ക്ക് എന്ന്
ചുരുങ്ങുന്ന വേരുകൾ
ശിശിരകലയുള്ള ചന്ദ്രൻ
ഇലയുടെ ആകൃതിയിൽ കൊഴിയും
നിലാവ്

തുറക്കപ്പെട്ട
ഇന്നലെയുടെ ജാലകം
ഇന്നിലേയ്ക്ക് നോക്കി നിൽക്കും
കാഴ്ച്ചയുണ്ടായി കണ്ണിൽ

ചലിയ്ക്കുന്ന
പ്രതിബിംബങ്ങളുടെ ഇലയുള്ള
മരമാവുന്നു

ഇമകൾ കൊഴിഞ്ഞും
കുഞ്ഞുവിരലുകൾ മാത്രം പെയ്തും
ഒരു ചാറ്റൽ നടത്തം
പൂർത്തിയാക്കുന്നു.


Comments

  1. തുറക്കപ്പെട്ട
    ഇന്നലെയുടെ ജാലകം
    ഇന്നിലേയ്ക്ക് നോക്കി നിൽക്കും
    കാഴ്ച്ചയുണ്ടായി കണ്ണിൽ

    ചലിയ്ക്കുന്ന
    പ്രതിബിംബങ്ങളുടെ ഇലയുള്ള
    മരമാവുന്നു

    ReplyDelete
  2. ചലിയ്ക്കുന്ന
    പ്രതിബിംബങ്ങളുടെ ഇലയുള്ള
    മരമാവുന്നു
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി