Skip to main content

നാടകത്തിന്റെ സെമിത്തേരി

നാടകത്തിന്റെ സെമിത്തേരി

വന്നിരിയ്ക്കുമായിരുന്നു കഥാപാത്രങ്ങൾ
അതിൽ
അടക്കിയിരുന്നു വൈകുന്നേരങ്ങളും
നാടകവും
അരങ്ങും
പലപല കലകളും

വന്നിരിയ്ക്കുമായിരുന്നു
ഉപമകൾ
ഇലകൾ
കലപില
ചിലപ്പോൾ
ബോധിയോളം നിശ്ശബ്ദത

സമയം,
ഉയരങ്ങളിൽ നിന്നും
വേരുകൾ പിരിച്ച്,
താഴേയ്ക്കിട്ട്
ഗതകാലങ്ങളിൽ പിടിച്ചുനിൽക്കുന്ന
ഒരു പിരിയൻ ആൽമരം

ഇരിയ്ക്കുന്നതിന് മുമ്പ്
പലഭാഷകളിൽ
പലനിറങ്ങളിൽ
കുരിശ്ശുവരച്ചിരുന്നു
അഭിവാദ്യം ചെയ്തിരുന്നു
മിണ്ടിപ്പറഞ്ഞിരുന്നു
പറന്നിറങ്ങുന്ന കിളികൾ
പക്ഷികൾ
മനുഷ്യർ
അവ തമ്മിലുള്ള
എന്തെങ്കിലും വ്യത്യാസം,
അഥവാ ഉണ്ടെങ്കിൽ തന്നെ
പറഞ്ഞു തീർത്തിരുന്നു
ഇരുട്ടുന്നതിന് മുന്നേ

ശരിക്ക് ഇരുട്ടിയിരുന്നില്ല
ഒരിക്കലും

മരമെന്ന് വിളിച്ചിരുന്നു
കല്ലുകൾ,
ആൽത്തറ,
മണ്ണ്,
നടന്നും പറന്നും വന്നവരുടെ ക്ഷീണം
ദൂരം
ദാഹം

ശരിയ്ക്കും
വേരുകളുടെ സെമിത്തേരി.

2

ശരിയ്ക്കും പരിചയപ്പെട്ടിട്ടില്ല

ഒരേ കുറ്റമാണ് ചെയ്തത്,
ശലഭമെന്ന് വിളിക്കും
കുറ്റം ചെയ്ത പൂമ്പാറ്റ
അത്രമാത്രം അറിയാം

ഞാനും ചെയ്തിട്ടുണ്ട്  കുറ്റം

വിലങ്ങുവെച്ചിട്ടുണ്ട്
തൂക്ക് മരത്തിലേയ്ക്ക്
നടത്തിക്കൊണ്ട് വരുന്നത്
ഇവിടെ കുറ്റം ചെയ്ത ശലഭം

കൂടുതൽ
പറയുവാനൊന്നുമില്ല

ആകാശം
ഇവിടെ
ശലഭത്തിന്റെ ആരാച്ചാർ.

3

അന്നന്നു ചെയ്യാവുന്ന
കുറ്റമാവുകയായിരുന്നു നീ

മനുഷ്യനെന്ന് വിളിക്കുമെന്നേയുള്ളു

ശരിയ്ക്കും ഞാൻ
അന്നന്ന് അടക്കാവുന്ന
മൃതദേഹങ്ങളുടെ ഉടമ.

Comments

  1. സമയം,
    ഉയരങ്ങളിൽ നിന്നും
    വേരുകൾ പിരിച്ച്,
    താഴേയ്ക്കിട്ട്
    ഗതകാലങ്ങളിൽ പിടിച്ചുനിൽക്കുന്ന
    ഒരു പിരിയൻ ആൽമരം...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...