Skip to main content

പിരിയൻ സുതാര്യതയേക്കുറിച്ച്

അത്രമേൽ ആഴത്തിൽ നിന്നും
പൊട്ടിച്ചെടുത്ത നിശ്ശബ്ദതയുമായി
നിശ്ശബ്ദതയുടെ ഖനിയിൽ നിന്നും
കയറിവരുന്ന മനുഷ്യൻ

നോവ്,
ടാറിടാത്ത ഒരു റോഡ്
അയാൾക്ക്
തുടർന്നുനടക്കേണ്ടത്.

ചെല്ലേണ്ടത്
ഇനിയും എടുക്കാത്ത തീരുമാനം
എന്ന ഇടത്തേയ്ക്ക്

നോക്കിനിൽക്കേ
ഉടൽ കടന്നുപോയിരിക്കുന്നു
അയാളുടെ
മനസ്സ്

ഇനിയുള്ള നടത്തം
കുറച്ച് ഉയരത്തിലേയ്ക്ക്

കയറിപ്പോകുന്തോറും
അയാൾ
കയറുന്ന വാക്കിന്റെ
കുഞ്ഞാവുന്നു

അപ്പോൾ
അയാൾ വായിക്കുന്ന വാക്ക്
നിലത്തുവെയ്ക്കുന്നു

കാണുന്നതെല്ലാം
മനുഷ്യരെന്ന അവകാശവാദങ്ങൾ
അവരുടെ കൈയ്യിൽ
ആരും കൈപ്പറ്റാനില്ലാത്തവരുടെ
സമൻസുകൾ

ചിലവാക്കുകൾ പ്രയോഗം കൊണ്ട് ഉപയോഗിയ്ക്കുന്ന സമയത്തെ
ഒപ്പിയെടുക്കുന്നതാവുന്നു

സമൻസ്
ഒരു വാക്കാണ്
അത് കൈപ്പറ്റാതിരിയ്ക്കുവാനുള്ള
സന്ദർഭത്തെ
പൊതിഞ്ഞെടുത്തിരിയ്ക്കുന്നു

വാക്ക്
അധികം അഴിയ്ക്കുവാനാകാത്ത
പൊതിയാവുന്നു

വായിലിട്ട്
ചില സന്ദർഭങ്ങൾ മാത്രം
ചവച്ചുനോക്കുന്നത്.

തീയതികളുടെ വെള്ളച്ചാട്ടമുള്ള കലണ്ടർ

മുറുക്കം പുതച്ചുകിടക്കുന്ന ഒരാണി

ആഴ്ച്ചകളുടെ താഴ്ച്ചകളിൽ
ഒഴിവാക്കിയത് എല്ലാം ചുവരുകളായതാവണം

അറിയില്ല
ഇനി
എന്തോരം നടക്കണം
വെറുതെ എന്ന വാക്ക് ചേർക്കുവാൻ

തിരക്കെന്ന് പേരുള്ള പൂക്കളുണ്ട്
കയറി നിൽക്കുന്നില്ല

നടത്തങ്ങളുടെ മ്യൂസിയമാവണം

തൽക്കാലം
കാണാവുന്നത്
വിരലുകൾ ഇട്ടു വെയ്ക്കാവുന്ന
ഭരണി

തുറന്നെടുക്കുവാനായേക്കും
ഉടൽ

അത് കഴിഞ്ഞാൽ
എവിടെ കൊണ്ട് വെയ്ക്കാനാണ്,
കുപ്പിയും
കഴുത്തും

കാണാനാവുന്നത്
ഒരു മാതിരി
പിരിയൻ സുതാര്യത

നിശ്ശബ്ദതയും
ആഴവും ഖനിയും
അയാളും വന്നുചേരുന്ന
നാൽക്കവല

കുറച്ച് തിരക്കുള്ള നിലാവ്

അതു തന്നെയാവുന്നു
തിരക്കും
തിരച്ചിലും

ശലഭത്തിന്റെ കണ്ണിലേയ്ക്ക്
എന്നോ മാറ്റിവെച്ച വസന്തത്തിന്റെ
ശേഖരം

എന്നെങ്കിലും
ഹൃദയമായിട്ട്
ഉപയോഗിയ്ക്കുവാനാകുമായിരിയ്ക്കും..

Comments

  1. ആഴ്ച്ചകളുടെ താഴ്ച്ചകളിൽ
    ഒഴിവാക്കിയത് എല്ലാം ചുവരുകളായതാവണം
    അറിയില്ല
    ഇനി എന്തോരം നടക്കണം
    വെറുതെ എന്ന വാക്ക് ചേർക്കുവാൻ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!