Skip to main content

വിശുദ്ധം

കുറച്ച് കൂടി വിശുദ്ധമാണ്
നരയിലേയ്ക്കുള്ള തീർത്ഥയാത്രകൾ

അതു കൊണ്ട്
നിന്റെ എന്ന വാക്ക്
എന്റെ പ്രാർത്ഥനകളിൽ
ഞാനുൾപ്പെടുത്തുന്നില്ല

ആരാണ് കൊതിക്കാത്തത്?

ആഗ്രഹങ്ങളുമായി
കെട്ടുപിണഞ്ഞ്,
മണ്ണുമായി
ഒട്ടും അകലമില്ലാത്ത
ഒരു വേരിന്റെ മരണം

അരികുകളിൽ
അകലങ്ങൾ കൊത്തിവച്ച്
അറ്റത്ത്,
വിലപിക്കുവാൻ ഒരു മരം
മുകളിൽ ഒരൊറ്റ കിളി

അതേ മരത്തിന്റെ ചിത,
അതിന്റെ കെടും മുമ്പുള്ള തണൽ

എരിയുന്ന വസന്തങ്ങൾക്കിടയിൽ
ശലഭാകൃതിയിൽ
പടർന്നുപിടിയ്ക്കുന്ന
തീയുടെ മാത്രം പൂന്തോട്ടം..

വിനിമയം ചെയ്യപ്പെടുകയാണ്
സമയം
ഇരിയ്ക്കുന്ന തുമ്പിയ്ക്കും
അതേ തുമ്പിയിലെ നിശ്ചലത
അതിന്റെ തന്നെ
അഭയാർത്ഥികളാവും വിധം

കേൾക്കുന്നുണ്ടോ
വിരിയുന്ന വിധം
മിടിയ്ക്കുന്നുണ്ട്
ഉള്ളിന്റെ ഉള്ളിൽ
ഒരു മിഴാവിന്റെ മൊട്ട്..

Comments

  1. എരിയുന്ന വസന്തങ്ങൾക്കിടയിൽ
    ശലഭാകൃതിയിൽ
    പടർന്നുപിടിയ്ക്കുന്ന
    തീയുടെ മാത്രം പൂന്തോട്ടം..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!