Skip to main content

തിരിച്ചറിവുകൾ

ആകുലപ്പെടുവാനുള്ള
ഒരവസരവും
പാഴാക്കിക്കളയാത്തവരാവും
വാഴ്ത്തപ്പെട്ടവരാൾ
ഭൂമിയിൽ
മനുഷ്യരായി ഉയർത്തപ്പെട്ടിട്ടുണ്ടാവുക

ആകുലപ്പെടുവാൻ
ഒരു പക്ഷേ നാളെ
നമ്മളില്ലെങ്കിലൊ?
നമ്മളേക്കാൾ നന്നായി
ആകുലപ്പെടുവാൻ
മറ്റൊരാൾക്ക് കഴിയില്ല
എന്ന ധാരണ തന്നെയാവണം
നാളെയും
ജീവിച്ചിരിക്കുവാൻ
അവരെ പ്രേരിപ്പിക്കുന്നുണ്ടാവുക.

ആകുലതകൾ നിറഞ്ഞ
ഇന്നലെകൾ പിൻവലിയ്ക്കുവാൻ
നാളെയ്ക്ക് വേണ്ടി
ഇന്നെന്ന വരിയിൽ
കൂടുതൽ കൂടുതൽ
കാത്തുനിൽക്കുന്നവരാവുകയാണ്
ഓരോ നിമിഷവും
നമ്മൾ

വരിയിൽ നിൽക്കുന്നവരൊക്കെ
ഒരു പക്ഷേ
കാത്തുനിൽക്കുവാൻ
ആരുമില്ലാത്തവരാകണം

ഒറ്റപ്പെടലല്ലാതെ
അവർക്ക്
കൂടുതൽ ഒന്നും
പിൻവലിയ്ക്കുവാനുമുണ്ടാകില്ല

എന്നിട്ടും അവർ വരിനിൽക്കുന്നത്
നമ്മളിൽ ഒരാളായി
തോളോട് തോളുചേർന്ന്
നമ്മളോട് ഒട്ടി നിൽക്കുവാൻ
മാത്രമാവും

ഇപ്പോൾ നിങ്ങൾക്ക് കാണാനാവും
കാത്തുനിന്നു
കിളികളെ പിൻവലിച്ചു
പറന്നുപോകുന്ന ഒരാൾ

വരി നിന്ന് കാലുകൾ പിൻവലിച്ച്
നടന്നു പോകുന്ന വേറൊരാൾ

പുഴ പിൻവലിച്ച്
ഒഴുകി പോകുന്നവർ

കുടയുമായി വന്ന്
മഴ പിൻവലിച്ച്
നനഞ്ഞു കൊണ്ട്
തിരിച്ചു പോകുന്ന പലർ

ഒരാളായി വന്ന്
അക്കങ്ങൾ പിൻവലിച്ചു
പലരായി ചിതറി പോകുന്ന ചിലർ

തനിയ്ക്ക് പിന്നിൽ നിൽക്കുവാനുള്ള
ഒരു വരിയെ തന്നെ
ഒറ്റയ്ക്ക് വന്ന്
പിൻവലിയ്ക്കുന്ന
മറ്റൊരാൾ

ചിറകുകളിൽ
തൂവലുകളുമായി വന്ന്
പറക്കുവാനുള്ള ആകാശത്തെ പിൻവലിച്ചു
തിരിച്ചുപോകുന്ന കിളികൾ

എന്നാലും

കാത്തു നിന്നു
സ്വന്തം ഒറ്റപ്പെടലിനെ
തന്റെ തന്നെ ഒരു വരിയെപോലെ
പിൻവലിച്ചുകൊണ്ട് പോകുന്ന
ഒരാളെ കണ്ടുമുട്ടുന്നത് വരെ
കാഴ്ച്ചകൾ തുടരും

പിന്നെ
മനുഷ്യനെന്ന നിലയിൽ
എന്തും പിൻവലിയ്ക്കാൻ മാത്രം
കഴിയുന്ന
ഒരു മെഷീനായി
സ്വയം മാറുന്നത്
അത്രമേൽ വൈകി
തിരിച്ചറിയും വരെ .......

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!