Skip to main content

ക്ഷേത്രങ്ങൾ പണിയുമ്പോൾ

ഗാന്ധിജിയുടെ മരണം
ഒരു പരാജയപ്പെട്ട
കൊലപാതകമായിരുന്നു

കൊലപാതകി പോലും
ഗാന്ധിജി കൊല്ലപ്പെടണം
എന്ന് ആഗ്രഹിച്ചിട്ടുണ്ടാവില്ല


ഗാന്ധിജിയെ കൊല്ലാനും വേണ്ടി
കൊലപാതകി അന്ന്
സ്വയം വളർന്നിട്ടുണ്ടായിരുന്നില്ല


(പിന്നെ അയാളെ ഒരു രാഷ്ട്രത്തെ
തന്നെ കൊല്ലാനും വേണ്ടി
നമ്മൾ വിഷം/മതം കൊടുത്തു വളർത്തി അത് വേറെ കാര്യം)

ഒന്ന് മുറിപ്പെടുത്തണം
എന്നെ ഉദ്ധേശിച്ചിട്ടുണ്ടാവുള്ളൂ

അത് കൊണ്ട് ഗാന്ധിജിയുടെ മരണം
ഉറപ്പിക്കേണ്ടത്
കുറെ പേരുടെ ആവശ്യമായിരുന്നു

അത് കൊണ്ട് തന്നെ സത്യത്തിനു വേണ്ടി
ഗാന്ധിജിയ്ക്ക് പിന്നെയും ജീവിച്ചിരിക്കേണ്ടി വന്നു

എങ്ങിനെ ജീവിച്ചിരിക്കുന്നു
എന്ന് ആരും ചോദിച്ചില്ല

സത്യത്തിനു വേണ്ടി ആയതു കൊണ്ട്
എന്തിനു ജീവിച്ചിരിക്കുന്നു
എന്ന് ഗാന്ധിജിയും ചിന്തിച്ചില്ല

പക്ഷെ മരണാനന്തര ജീവിതം
ഗാന്ധിജിയ്ക്കും ചോദ്യചിഹ്നം തന്നെയായിരുന്നു

പലർക്കു മുമ്പിലും
ആയ കാലത്ത്
ആ ജീവിതം
ആശ്ചര്യ ചിഹ്നം ആയിരുന്നപ്പോഴും

സഹനസമരം ചെയ്തപ്പോഴും
എന്റെ ജീവിതം തന്നെയാണ്
എന്റെ സന്ദേശം എന്ന് ഉത്ഘോഷിച്ചപ്പോഴും
ഗാന്ധിജി
ജീവിച്ചിരിക്കുവാൻ
ഇത്ര ബുദ്ധിമുട്ടിയിരുന്നില്ല

കുറേകാലം തപാൽ സ്റ്റാമ്പുകളിൽ
സര്ക്കാര് ഓഫീസുകളിലെ ചിത്രങ്ങളിൽ
നോട്ടുകളിൽ
ചില്ലറ
പണികൾ ചെയ്തു നോക്കി
അവര്ക്ക് പേര് പോലും വേണ്ടിയിരുന്നില്ല

വേണ്ടത് വെറും ജീവനില്ലാത്ത ചിത്രങ്ങളായിരുന്നു

ഉപേക്ഷിച്ചില്ല
പറയാതെ ഇറങ്ങി പോരുകയായിരുന്നു
വിലയില്ലാത്ത നോട്ടുകളിൽ നിന്ന്
കള്ളനെ പോലെ

തന്റെ പേരുള്ള തെരുവുകളിലൂടെ നടന്നു
തേരാപാര
ആരും തിരിച്ചറിഞ്ഞില്ല

തന്റെ രൂപമുള്ള പ്രതിമകളിൽ കയറി
താമസിച്ചു
വാടക കൊടുക്കേണ്ടി വന്നില്ല
ഓടിക്കേണ്ടി വന്നു കുറെ കാക്കകളെ

അവസാനം ജന്മ നാട്ടിൽ തന്നെ കിട്ടി
ചെറിയ ഒരു പണി

പട്ടേലിന്റെ പ്രതിമയായിരുന്നു

തിരിച്ചറിഞ്ഞപ്പോൾ
ആരോ
അവിടുന്നും പിരിച്ചു വിടുകായിരുന്നു

പിന്നെ ആരും കണ്ടിട്ടില്ല

അവസാനം തിരക്കി ചെന്നത്
സത്യമായിരുന്നു
സത്യത്തിനെ ആർക്കും വേണ്ടായിരുന്നു
അതുകൊണ്ടാവണം സത്യത്തിനെ തിരക്കി നടന്ന
ഒരാളെ അവസാനം
സത്യം തന്നെ തിരക്കി
ചെന്നത്

ഒടുവിൽ കണ്ടെത്തി

നെഹ്‌റു ഇന്ത്യയെ കണ്ടെത്തിയത് പോലെ

ഗാന്ധിജി വിശ്വസിച്ചിരുന്നത് പോലെ
ഇന്ത്യയുടെ ആത്മാവിനെ പോലെ
ഒരു ഗ്രാമത്തിൽ

ധ്യാനത്തിലോ
എല്ലാവരും വിചാരിക്കും പോലെ രാജ്ഘട്ടിലോ
ഉദ്യാനത്തിലോ ആയിരുന്നില്ല
ഗാന്ധിജി

അ'ദ്വാ'നിക്കുകയായിരുന്നു

അതെ ഗോഡ്സേയ്ക്ക്
വെയ്ക്കുന്ന അമ്പലത്തിൽ
മൈക്കാട് പണിയിലായിരുന്നു
ഗാന്ധിജി!

Comments

  1. പതിവ്‌ തെറ്റിച്ചല്ലോ ഈ വായന.!/!?!/?!/

    പരിഹാസം അത്‌ കൊള്ളിയ്ക്കേണ്ടയിടത്ത്‌ തന്നെ.

    നന്നായി ബൈജുവേട്ടാ!/!/!/!/!/

    ReplyDelete
  2. ആക്ഷേപ ഹാസ്യത്തിന്റെ
    ഒരു പന്തം കൊളുത്തി പട...!

    ‘അവസാനം തിരക്കി ചെന്നത്
    സത്യമായിരുന്നു
    സത്യത്തിനെ ആർക്കും വേണ്ടായിരുന്നു
    ‘അതുകൊണ്ടാവണം സത്യത്തിനെ തിരക്കി നടന്ന
    ഒരാളെ അവസാനം
    സത്യം തന്നെ തിരക്കി
    ചെന്നത്....! ‘


    അ’ദ്വാനിയുടെ അദ്ധാനം വെറുത്തെ ആവില്ലല്ലൊ അല്ലേ ഭായ്

    ReplyDelete
  3. അല്ലെങ്കിലും ഗാന്ധിജി നമുക്ക് ചേർന്നവൻ അല്ലാരുന്നു

    ReplyDelete
  4. ഇതു കൊള്ളാമല്ലോ....
    ഈ വീക്ഷണം...

    ReplyDelete
  5. ചിന്തകളിലേക്ക്........
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...