Skip to main content

സൂര്യനില്ലാത്ത ഒരുച്ച


സൂര്യനില്ലാത്ത
ഒരുച്ചയെ ക്കുറിച്ച്
 ചിന്തിച്ച് തെരുവിൽ
ഉരുകുകയാണ് മനുഷ്യർ
പരിഹാരമായി
തലേന്നത്തെ
വെയിലെടുത്ത് വച്ച്
വിയർപ്പിൽ കുഴച്ചു
സൂര്യനെ ഉണ്ടാക്കാനാവുമോ
എന്ന് ഒരു ചർച്ച
പൂർണമായും പാകമാകാത്ത
സൂര്യനെ രാത്രിയിൽ ചന്ദ്രനെന്നു
തെറ്റിധരിക്കുമോ
എന്ന് ചിലരുടെ ആശങ്ക
കൂട്ടി വച്ച് വെയിലാക്കുവാൻ
നിലാവിനെ മിന്നാമിന്നികൾ
കള്ളക്കടത്ത് നടത്തുമോ
എന്ന് പൊടിപൊടിക്കുന്ന
മറ്റൊരു സംസാരം
കിട്ടാനാവാതെ വന്നേക്കാവുന്ന
ഉണക്കമീനിനെ കുറിച്ച്
കടൽത്തീരങ്ങളിലെ 
പുകയുന്നആകുലത
കരയ്ക്ക് പിടിച്ചിട്ട ഒഴുക്കിൽ 
മീനിന്റെ മണം പുരട്ടി നോക്കാമെന്ന്
ചിലർ
മഴയുടെ ചില്ലിട്ട ചിത്രം
പതിച്ച
കറുത്ത നിറം പുരട്ടാൻ
മറന്ന
നരച്ച തെരുവുകൾ
അതിൽ
സൈക്കിളിൽ സഞ്ചരിക്കുന്ന
കാറുകൾ 
അവയിൽ നിന്ന് 
മുൻവിളക്കുകൾ തീവ്രമായി
പ്രകാശിപ്പിച്ചു 
സൂര്യനെ ഉണ്ടാക്കി എടുക്കാനുള്ള 
തത്രപ്പാടിലാണ്  
ഒരു കൂട്ടം മുതലാളിമാർ
ബാറുകൾ പൂട്ടുമ്പോൾ
സൂര്യനില്ലാത്ത ഒരുച്ച
ഉറക്കത്തിൽ
സ്വപ്നം കണ്ടു
വെളിവില്ലാതെ
നിലവിളിക്കുന്നുണ്ട്‌
നട്ടപ്പാതിരയ്ക്ക്
ഒരു നാട്

Comments

  1. തന്ത്രങ്ങള്‍ മെനയുന്ന തത്രപ്പാടിലാണ് ചൂടിന് ദാഹിക്കുന്നവര്‍.....
    ആശംസകള്‍

    ReplyDelete
  2. സൂര്യനെക്കണ്ട് ചന്ദ്രനാണെന്ന് സംശയിക്കും!

    ReplyDelete
  3. അയുക്തിയെ യുക്തിയായും, യുക്തിയെ അയുക്തിയായും മാറ്റുന്ന ബിംബകൽപ്പനകളുടെ ഇന്ദ്രജാലം.....
    കവിത അനുഭവിക്കാനാവുന്നു.....

    ReplyDelete
  4. സമകാലിക ബിംബങ്ങള്‍ കവിതക്ക് മങ്ങലുണ്ടാക്കുന്നുണ്ടോ ?

    ReplyDelete
  5. ഇത്രയും നാൾ ചൂടും പ്രകാശവും തന്ന സൂര്യൻ ഇനി അൽപ്പം വിശ്രമിയ്ക്കട്ടെ. പകരക്കാരനെ തിരഞ്ഞു വിഷമിയ്ക്കാതിരിക്കൂ.

    ReplyDelete
  6. ബാറുകൾ പൂട്ടുമ്പോൾ സൂര്യനില്ലാത്ത ഒരുച്ച
    ഉറക്കത്തിൽസ്വപ്നം കണ്ടു വെളിവില്ലാതെ
    നിലവിളിക്കുന്നുണ്ട്‌ നട്ടപ്പാതിരയ്ക്ക് ഒരു നാട് ..!

    ReplyDelete
  7. പൂർണമായും പാകമാകാത്ത
    സൂര്യനെ രാത്രിയിൽ ചന്ദ്രനെന്നു
    തെറ്റിധരിക്കുമോ
    എന്ന് ചിലരുടെ ആശങ്ക

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...