Skip to main content

മാവായി പോയ മുത്തച്ഛൻ

മുറ്റത്തിത്തിരി
തണലുമെഴുകാൻ
മരം വളർത്തിയിരുന്നു
മുത്തച്ഛൻ
ഇത്തിരി വെയിലിന്റെ വൈക്കോലും
ബാക്കി വന്ന മഴയുടെ കാടിയും
കൊടുത്തു
മരം പോറ്റി വളർത്തിയിരുന്നു
മുത്തച്ഛൻ

പോത്തിനെ പോലൊരു
കാറ് വന്നപ്പോൾ
കാറിനെ കെട്ടുവാൻ
തൊഴുത്ത് പണിഞ്ഞപ്പോൾ
മുത്തച്ഛനറിയാതെ
അറുക്കുവാൻ കൊടുത്തു
മുത്തച്ഛൻ തണലു കറന്ന
കാതൽ വറ്റാത്ത വളർത്തു മരം

മരമങ്ങു പോയപ്പോൾ
തണലിന്റെ തണുപ്പ്
കുറഞ്ഞപ്പോൾ
ഉണങ്ങിത്തുടങ്ങി
മുത്തച്ഛൻ
തടികസ്സേരയിൽ  ഒറ്റപ്പെട്ടു
മുത്തച്ഛൻ
ഉമ്മറത്തേക്ക് മാറ്റിയിടപ്പെട്ടു
മുത്തച്ഛൻ

തടിയെല്ലാം എടുത്തു
കസേരയും പ്ലാസ്റ്റിക്കിന്
കൊടുത്തു കഴിഞ്ഞപ്പോൾ
പറക്കുന്ന
അപ്പൂപ്പൻതാടി പോലെ
പരിഭവം ആരോടും ഇല്ലാതെ
യാത്ര പോലും
ഒരാളോടും പറയാതെ
ഇന്നലെയിലെ
തൊടിയിലേക്കിറങ്ങി
ഇന്നില്ലാത്ത
മാവായിപ്പോയി
മുത്തച്ഛൻ 

Comments

  1. എല്ലാം നഷ്ടമാകുന്നവല്ലോ...എല്ലാമെല്ലാം .

    ReplyDelete
  2. മരമായിപ്പോവുന്നവർ...

    ReplyDelete
  3. നില്ലാതെ പോകുന്നതും നല്ലതോര്‍ക്കില്‍...

    ReplyDelete
  4. മാവായി പോയ മുത്തശ്ശ്ൻ
    ഓർമ്മ മാത്രം

    ReplyDelete
  5. പാവം മുത്തച്ഛൻ....!

    ReplyDelete
  6. യാത്ര പോലും പറയാതെ
    ഇന്നലെയിലെ
    തൊടിയിലേക്കിറങ്ങി
    ഇന്നില്ലാത്ത
    മാവായിപ്പോയി
    മുത്തച്ഛൻ

    Good

    ReplyDelete
  7. പാവം മുത്തച്ഛൻ...

    എല്ലാരും ആ വഴിക്കേക്കു തന്നെ ..

    ReplyDelete
  8. എല്ലാവര്ക്കും നന്ദി വായനക്ക് അഭിപ്രായത്തിനു പ്രോത്സാഹനത്തിനു സ്നേഹത്തോടെ സന്തോഷത്തോടെ

    ReplyDelete
  9. പോത്തിനെ പോലൊരു
    കാറ് വന്നപ്പോൾ
    കാറിനെ കെട്ടുവാൻ
    തൊഴുത്ത് പണിഞ്ഞപ്പോൾ
    മുത്തച്ഛനറിയാതെ
    അറുക്കുവാൻ കൊടുത്തു
    മുത്തച്ഛൻ തണലു കറന്ന
    കാതൽ വറ്റാത്ത വളർത്തു മരം

    ReplyDelete
  10. മുത്തച്ഛന്റെ അനുഭവങ്ങള്‍ പലതും ചൂണ്ടിക്കാട്ടി തരുന്നുണ്ട്. പക്ഷെ നമ്മള്‍ നന്നാവില്ല

    ReplyDelete


  11. ഇന്നലെയുടെ തൊടിയിലെ ഇല്ലാത്ത മാവ്! നല്ല . നല്ല പ്രയോഗം. ആശംസകൾ.

    ReplyDelete
  12. മാവായിപ്പോയ
    മുത്തച്ഛൻ.................. കവിതക്ക് ആശംസകൾ....

    ReplyDelete
  13. വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനു ഒരു മറുവാക്ക് കുറിച്ചിടാൻ കാട്ടിയ നല്ല മനസ്സിന് വളരെ സന്തോഷം ഓരോരുത്തരോടും

    ReplyDelete
  14. ഇന്നില്ലാത്ത മാവായിത്തീരുക്‌.. നല്ല ചിന്തയുണ്ട്‌ ഈ പ്രയോഗത്തിനു പിന്നിൽ.ഇഷ്ടമായി ഭായ്‌.




    നല്ല കവിത
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...




    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!