Skip to main content

നിശ്ശബ്ദതയുടെ അറുപത്തിനാല് കലകൾ

ഒരു വായനക്കാരൻ്റെ പരാതി
ഞാൻ ചെയ്ത തെറ്റായതിന് ശേഷം
യാഥാർത്ഥ്യത്തിൻ്റെ കഠിനതടവുകാരനാവുകയും
സങ്കൽപ്പങ്ങളുടെ പരോൾ
അപ്രീതിക്ഷിതമായി
അനുവദിക്കപ്പെടുകയുമായിരുന്നു,
അതും കവിതയിൽ

ഋതു ഏതോ ഒരു പൂവിൻ്റെ 
തടവുകാരനായതിൽ പിന്നെ
സൂര്യൻ 
വിഷാദത്തിൻ്റെ സുഗന്ധം ഒഴിച്ചു വെക്കും അസ്തമയത്തിൻ്റെ അത്തറുകുപ്പി എന്നും
അത്തറാകാത്തപ്പോൾ വിഷാദം,
സുഗന്ധത്തിൻ്റെ ചിറകടികളുള്ള കിളികൾ എന്നും സങ്കൽപ്പിക്കുവാൻ
എനിക്കായിട്ടുണ്ട്

സങ്കൽപ്പത്തിൽ ഞാൻ ചേക്കേറുവാൻ ഒരു കിളിയുടൽ
കടം വാങ്ങിക്കുന്നു
ഉണരുമ്പോൾ ഉടൽ തിരികേ മേടിക്കുവാൻ കിളികൾ 
അവയുടെ യാഥാർത്ഥ്യങ്ങളിൽ വന്ന് ചിറകടിക്കുന്നു

വ്യത്യസ്ഥമായി പൂക്കൾ വിരിയുന്നത്
എങ്ങിനെ എന്ന് നിരീക്ഷിക്കുകയായിരുന്നു
വ്യത്യസ്ഥമായ ആവൃത്തികളിൽ
ചന്ദ്രനെ എടുത്തുവെച്ച്
ആകാശത്തിൻ്റെ പ്രതികരണങ്ങൾ
നിരീക്ഷിച്ചു.

ചായയിൽ ഏലക്കയുടെ രുചി  കലരുന്നത് പോലെ
കാലുകൾ നടത്തത്തിൽ,
ഉടൽ അതിൻ്റെ വെറുതേയിരുപ്പിൽ
കലർന്നു

വേനലിൽ നിന്ന് വെയിൽ,
തിരികേയെടുത്തു മടങ്ങുകയാവണം
സൂര്യൻ

വെറുതേയിരിപ്പിൽ നിന്നും ഉടൽ
തിരികേയെടുക്കുന്നു
ഏലക്കാ മണമുള്ള കാലുകൾ എന്ന്
നടത്തം നിരീക്ഷിക്കുന്നു

യാഥാർത്ഥ്യത്തിനും സങ്കൽപ്പത്തിനും
അപ്പുറം
ശരിക്കും എങ്ങിനെ വ്യത്യസ്ഥമായി വെറുതേയിരിക്കാം എന്ന് പരീക്ഷിക്കുകയായിരുന്നു
രതിയുടെ അറുപത്തിനാല്
കലകളിൽ വെറുതേയിരിക്കുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!