Skip to main content

Posts

Showing posts from December, 2023

വെളിച്ചം ഒത്തുതീർപ്പ് വിഷാദം

രാത്രി, ഒരു ബൈക്ക്  കടന്നുവരുമ്പോൾ അതിന്റെ വെളിച്ചം ശബ്ദത്തിനോട് ഒച്ചവെച്ച് സംസാരിക്കുമ്പോലെ അപ്പോൾ മുന്നിലെ  ഹാൻഡിൽബാറിൽ ഘടിപ്പിക്കാവുന്ന ഒരു മൈക്കാവും വളവ് ചുരത്തിലെന്ന പോലെ ബൈക്ക്, വളവിനോട്  സംസാരിച്ചുതുടങ്ങുന്നു കടന്നുവരുന്നുണ്ട് രാത്രിയും വെളിച്ചം സംസാരിക്കും ഒരു മൈക്കാവും നക്ഷത്രം തന്റെ മുന്നിലിരിക്കും  ധ്യാനത്തിന്റെ മൈക്ക്, ബുദ്ധനും ക്രമീകരിക്കുന്നു ഉപേക്ഷിക്കുന്നതിന്റെ മുരടനക്കുന്നു ദു:ഖത്തിന്റെ മൈക്ക് ഓപ്പറേറ്ററാവും ദൈവം ഓരോരുത്തർക്കും അനുയോജ്യമാം വിധം ദൈവം, ദു:ഖത്തിന്റെ മൈക്ക്, ചരിച്ചുവെയ്ക്കുന്നു വിഷാദങ്ങൾ ക്രമീകരിക്കുന്നു ഇരുട്ടിന്റെ കൂടുള്ള  ഒരു കുരുവിയാവും രാത്രി ദൈവം ഒരു നക്ഷത്രത്തിന്റെ തിളക്കം, മോഷ്ടിക്കുന്നു ഇനി മേഘങ്ങളുടെ മൈക്കാകുമോ ആകാശം  അവരുടെ വിഷാദത്തിന്റേതെങ്കിലും നമ്മൾ ഉണ്ടെന്ന് വിചാരിക്കുകയും എന്നാൽ ഇല്ലാതിരിക്കുകയും ചെയ്യുന്നതിന്റെ വിഷമമുണ്ട് ദൈവത്തിന് സ്വന്തം വിഷമത്തിന്റെ ബാഷ്പീകരണം  ദൈവം കൊണ്ട്നടക്കുന്നു ഒരു ഒത്തുതീർപ്പാവണം വിഷാദം.

ഒഴുകിപ്പോകുന്നു

പിന്നിലേക്ക് നീന്തി മീനുകൾ നടും ഞാറ് പതിയേ ഒരു പാടമാവും പുഴ അവളുടെ കാതിന്നരികിൽ ഞാൻ പിന്നിലേക്ക് നീന്തുന്നു എന്നെങ്കിലും മീനാകുവാനുള്ള എന്റെ അപേക്ഷ, അവളുടെ ചുണ്ടുകൾക്കരികിൽ ഉടലിന്റെ റേഡിയോകളെ പാടുവാൻ വെച്ച് അറിയിപ്പുകളുടെ പാടുകളുമായി അവൾക്ക് ചുറ്റും വയലും വീടും എന്ന കാറ്റടിക്കുന്നു തനിയേ കാറ്റടിച്ചടയും വാതിലുകൾക്ക് അവൾ  വീടിന്റെ ഇങ്ക് കൊടുക്കുന്നു അതും അത്രയും ശ്രദ്ധിച്ച്  വാൽസല്യം ചേർത്ത് കുഞ്ഞിനെ പ്പോലെ യൂക്കാലിപ്റ്റസ് ഇലകളുടെ  നദിയാകും ഋതു വിരിയുന്നത് ചാരി മൊട്ടുകൾ ഇതളുകൾ മാത്രം ചാരും പൂക്കളും അതിന്റെ അരക്കെട്ടുപേക്ഷിച്ച് മഴ പാദങ്ങൾ മാത്രമണിഞ്ഞ്,  നടന്നുപോകും വഴി ഋതു ഏതോ പൂവിന്റെ അതിഥി നമ്മുടെ നഗ്നതകൾ, അതേ മഴയിൽ കയറിനിൽക്കുന്നു ഉടലിന്റെ തീർത്ഥാടകരാവുന്നു എത്ര അടക്കിപ്പിടിച്ചിട്ടും ശൂന്യത മുകളിലേക്ക് പറന്നുയരും മെർലിൻമെൻട്രോ ആകാശം, ഉടലിന്നരികിൽ ഇപ്പോൾ ഞാനും എന്റെ മീനും നിന്റെ പിന്നിലേക്കൊഴുകും കാതുകളുടെ അതിഥി നമ്മുടെ അടക്കിപ്പിടിച്ച നഗ്നതയിലൂടെ ഒരു കളിവഞ്ചി ഒഴുകിപ്പോകുന്നു.