Skip to main content

തീവണ്ടികളെ വളർത്തുന്ന തോട്ടത്തിൽ



തീവണ്ടികളെ വളർത്തുന്ന തോട്ടത്തിൽ

കയ്പ്പമണമുള്ള
പാവൽവള്ളികളിൽ 
മഞ്ഞപ്പൂക്കൾ പിടിക്കുവാൻ
തിരക്ക് കൂട്ടുന്ന നേരത്ത്
അനൗൺസ്മെൻറുകളുടെ വള്ളികൾ
കഴിഞ്ഞ്
തിരക്കുകളുടെ പാകമായ 
കായകൾ വകഞ്ഞ്
തീവണ്ടികൾ
വള്ളികളിൽ വന്നുനിൽക്കുന്നു

പാളങ്ങൾ 
തീവണ്ടിവളളികൾ
കാഴ്ച്ചയുടെ സ്റ്റേഷനിൽ
ശബ്ദങ്ങളെ ഇറക്കുന്നു
തിരക്കുകളെ ചരിക്കുന്നു

പുറത്ത്
ഓട്ടോറിക്ഷകൾ ചെടിച്ചെട്ടികളാണെന്ന് നീ
അവ നിരത്തിൽ 
കടുക്കങ്ങളിൽ തൂക്കിയിടുന്നു 

നീ കെട്ടിക്കിടക്കുന്ന ഭാഷയ്ക്ക് 
ചാലു കീറുന്നു
ഞാൻ മഴവെള്ളം അഴിക്കുന്നു
നമ്മൾ മനസ്സിന്റെ ചെടിച്ചെട്ടികൾ
ഉടലിൽ തൂക്കുന്നു
നടക്കുന്നു

നമ്മൾ 
പക്ഷിമന്ത്രങ്ങൾ അഴിക്കുന്ന സാവകാശങ്ങളിൽ കയറിനിൽക്കുന്നു
ഇരട്ടമഞ്ഞയുടെ ചുരം കയറുന്നു
മഴക്ക് സമാന്തരമായി സഞ്ചരിക്കുന്നു

ഓട്ടോറിക്ഷകൾ 
വാഹനങ്ങളിലെ മൈനകൾ
അവ മഞ്ഞ പുരട്ടി നമുക്കരികിലൂടെ
കടന്നുപോകുന്നു

കൂടുകുടു ശബ്ദത്തിന്റെ
അറ്റത്ത് നിന്ന്
നീ ഒരു ഓട്ടോറിക്ഷ 
കൈനീട്ടി ഇറുക്കുന്നു

സഞ്ചരിച്ച ദൂരത്തിന്റെ അറ്റത്ത്
നാഭിയിൽ താമര പോലെ
മീറ്ററിന്റെതുഞ്ചത്ത് ചെന്ന് 
വിരിയും ഓട്ടോറിക്ഷകൾ

തിരിഞ്ഞുനോക്കുമ്പോൾ
ഓട്ടോറിക്ഷകൾ അവയുടെ ആകൃതികൾ
ചെടിച്ചെട്ടികളിൽ നിന്നും 
പിഴിഞ്ഞുകളയുന്നു

കുടുക്കങ്ങൾ ഉപ്പിലിട്ടുവെച്ച
കടുമാങ്ങാ ആകൃതിയുള്ള ഉടലുകൾ
നാഭികൾ ഉപ്പ്മാങ്ങാ ഭരണികൾ

തട്ടലുകൾ മുട്ടലുകൾ ഇട്ട്
നോട്ടത്തിന്റെ വാവട്ടം കെട്ടി
ഓട്ടോറിക്ഷ ഭരണിയിൽ,
നമ്മൾ
നമ്മുടെ ഉടലുകൾ 
ഉപ്പിലിട്ടുവെയ്ക്കുന്നു

മഴയുടെ പെയ്ത്ത് പരിശീലനകേന്ദ്രമാകും മുമ്പ് 
നാഭികൾ മേഘങ്ങൾ

മേഘം കടന്നുപോയ ഉടനെ നമ്മൾ,
ഉടൽ കൊണ്ട് ആകാശങ്ങളിൽ
പ്രവേശിക്കുന്നു
മേഘങ്ങൾ, 
കടന്നുപോയ പാടുകൾ കൊണ്ട് ആകാശം നമുക്കരികിലുള്ള പൂക്കളെ
മൂടി വെയ്ക്കുന്നു

ഏഴ് അമ്പത്തൊമ്പത് 
എട്ടുമണിയാവുന്ന ശബ്ദത്തിൽ
നാരങ്ങാമണമുള്ള മയിൽപ്പീലിയിൽ
നിറങ്ങളില്ലാതെ നമ്മുടെ ഉടലുകൾ

കറിവേപ്പില മണമുള്ള മഴയിൽ നിന്നും തുള്ളികളുടെ ഒരു തണ്ടിറുത്ത് 
എനിക്കും മഴക്കും നീ വിളമ്പുന്നു
അരികിൽ നീ മനസ്സ് വെക്കുന്നു

വല്ലപ്പോഴും
ഏകാന്തതയുടെ താക്കോൽ 
ഇട്ടുവെക്കുമായിരുന്നു
ഉടൽ,
സമയത്തിന്റെ ചെടിച്ചട്ടി
പ്രണയത്തിന്റെ വള്ളിച്ചെടിയും

മാനപൂർണ്ണിമ എന്ന വാക്കിൽ തൊടും
നീലയാവും വിരൽ
ജമന്തികൾ മഞ്ഞ മേഘങ്ങൾ

മൈനക്ക് മഞ്ഞ തീപിടിക്കും ശബ്ദത്തിൽ
തിരിഞ്ഞുനോട്ടങ്ങളിലേക്ക് കലരും
നമ്മുടെ തവിട്ടുടൽ

നമുക്കരികിൽ മടക്കത്തിന്റെ മാടത്ത 
വിരലുകളുടെ തീ പിടിയ്ക്കും
ലൈറ്ററാകും കാലുകൾ
ഉടലുകൾ മുയലുകൾ

വിരലുകൾ ഓരോന്നും ഊതിക്കെടുത്തി
നൃത്തത്തിലേക്ക് മുദ്രങ്ങൾ എന്ന പോലെ
മടക്കത്തിലേയ്ക്ക് നമ്മൾ കാലുകൾ
തിരിച്ചുവെയ്ക്കുന്നു






Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!