Skip to main content

ഭ്രാന്തൻ പാമ്പ് നൃത്തം വെയ്ക്കുമ്പോൾ

 ദൈവം പതിവായി
ഒളിച്ചൊളിച്ച് ഉമ്മ വെയ്ക്കാൻ
വരുന്നിടത്ത് നിന്നും
മൂന്നാമത്തെ വളവിലായിരുന്നു
എന്റെ വീട്

ദൈവം ഉമ്മ വെച്ചിരുന്നിടം
ഇപ്പോ ഒരു കാടാണ്
അവിടെ ഒരു പാമ്പാണിപ്പോൾ
പരസ്യമായി താമസം

കൊടിയ വിഷം
പലകടികളിൽ ഇറക്കി
വിഷമിറങ്ങിക്കഴിയുമ്പോൾ
പാമ്പല്ലാതായി മാറി
പാമ്പ്
ഇഴഞ്ഞിഴഞ്ഞ്
പരിഭ്രാന്തനായ്
എന്റെടുത്ത് വരും...
പത്തി താഴ്ത്തി

വന്ന്
ഭ്രാന്തമായി
നൃത്തം വെച്ച് തുടങ്ങും

അന്നേരം വന്യമായി ഞാൻ
പാമ്പിലൂടെ ഇഴയും

പാമ്പ് വെയ്ക്കുന്ന നൃത്തത്തെ
എന്റെ ഉടൽ ചെന്ന്
മറ്റൊരു പാമ്പായി
കൊത്തും

അന്നേരം പാമ്പ്
എന്റെ പാട്ടിലൂടെ ഇഴയും
എന്റെ വിഷത്തിൽ
വെള്ളം ചേർക്കും

വിഷം എന്നിൽ നിന്നും
ഒരു പുഴയായി ഒഴുകും

പാട്ടുകൾ കാടാകും
സംഗീതം വന്യമാകും

അപ്പോൾ
ഹൃദയം മകുടിയാകും
സ്വന്തം ചോര
പുതിയൊരു പാമ്പാകും

ഹൃദയ താളത്തിൽ
ചോര
നൃത്തം വെയ്ക്കും

ഇടയ്ക്കിടെ ഉടലിൽ
ആഞ്ഞാഞ്ഞു കൊത്തും

ആദ്യ ആർത്തവം പോലെ
മരണം കുറച്ച് നേരത്തെ
വയസ്സറിയിക്കുമ്പോൾ
ദുഃഖത്തെ
നാണമായി
കുറച്ച് പക്വതയോടെ
ഞാൻ
പരിഭാഷപ്പെടുത്തി വെയ്ക്കും

ഇതൊന്നുമറിയാതെ
എന്റെ ഹൃദയമിടിപ്പുകൾ
കൊത്തി തിന്നുന്ന
പക്ഷി
നിനക്ക് ആരോ വെച്ച വെടിയിൽ
പിടഞ്ഞു വീണ ഹൃദയത്തിൽ
ഞാൻ ബാക്കി വെച്ച
മിടിപ്പിന്റെ
പേരായിരുന്നു നീ....


Comments

  1. ദൈവം ഇടയ്ക്കിടെ വന്ന് ഉമ്മവച്ച് പോകുന്നൊരു വീട്!!

    ReplyDelete
  2. അന്നേരം പാമ്പ് എന്റെ പാട്ടിലൂടെ ഇഴയും
    എന്റെ വിഷത്തിൽ വെള്ളം ചേർക്കും

    വിഷം എന്നിൽ നിന്നും ഒരു പുഴയായി ഒഴുകും

    പാട്ടുകൾ കാടാകും സംഗീതം വന്യമാകും

    അപ്പോൾ ഹൃദയം മകുടിയാകും
    സ്വന്തം ചോര പുതിയൊരു പാമ്പാകും

    ഹൃദയ താളത്തിൽ ചോരനൃത്തം വെയ്ക്കും

    ഇടയ്ക്കിടെ അവ ഉടലിൽ ആഞ്ഞാഞ്ഞു കൊത്തും “


    അവസാനം പാമ്പാട്ടി അവയെ പിടിച്ച് വിഷം
    ഊറ്റി കളഞ്ഞ് ജീവിതമെന്ന കൂടയിൽ അടക്കും !

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി