Skip to main content

അമ്പലമണിയുടെ ഒച്ചയിൽ മുഴങ്ങുന്ന ഇടി

മഴത്തുള്ളിയുടെ
പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ
പ്രദക്ഷിണം വെച്ച്
കുളിച്ചു തൊഴാൻ വരുന്ന
 മഴയാണ് നീ

നീ ചതുരത്തിൽ വെയ്ക്കുന്ന
വലത്തിനെ വലം വെച്ച്
നിന്റെ കൊലുസ്സിന്റെ താളത്തിൽ
ജലമന്ത്രങ്ങൾ ഉരുവിട്ട്
പതിയെയൊരു
 പുഴയൊഴുകുന്നു

നീ ചവിട്ടാതെ ഒഴിഞ്ഞു പോകുന്ന
ഇടങ്ങളിൽ യഥാസ്ഥാനത്ത്
കൊത്തുപണികളോടെ
മേഘങ്ങളിൽ കൊത്തിവെച്ചിരിക്കുന്ന
ബലിക്കല്ലുകൾ

തൊഴുതു മടങ്ങുമ്പോൾ
ശീവേലിക്ക് സമയമായതു പോലെ
അമ്പലമണിയുടെ ഒച്ചയിൽ
ഒരിടി മുഴങ്ങുന്നു!  

Comments

  1. നീ ചവിട്ടാതെ ഒഴിഞ്ഞു പോകുന്ന
    ഇടങ്ങളിൽ യഥാസ്ഥാനത്ത്
    കൊത്തുപണികളോടെ
    മേഘങ്ങളിൽ കൊത്തിവെച്ചിരിക്കുന്ന
    ബലിക്കല്ലുകൾ
    ആശംസകള്‍

    ReplyDelete
  2. പെയ്തിറങ്ങുന്നുണ്ടല്ലോ നനവുപകര്‍ത്തും വരികള്‍..
    ആശംസകള്‍..

    ReplyDelete
  3. മഴവില്ല് പോലെ മനോഹരമായ കവിത....
    നന്മകള്‍ നേരുന്നു.......

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം