വെയിൽ വാരിവലിച്ചിട്ട
ഒരലമാരയായി
പകലിൽ ചാരിവെച്ച സൂര്യൻ
വലിച്ചുവാരിയിടാൻ കുറച്ച് ആനന്ദം
അതിലേറെ വിഷാദം
വാരിവലിച്ചിട്ട അസ്തമയത്തിൽ
രാത്രി ചുറ്റിക്കിടക്കുന്നു
സമയം മാത്രം,
അടുക്കിപ്പെറുക്കി വെക്കുന്നു
വസ്ത്രങ്ങൾക്കിടയിൽ
ഉടലും ഇരുട്ടുന്നു
ഉടലും ഉലയുന്നു
ഇരുട്ടിയ ഉടലുകൾക്കൊപ്പം
നീണ്ടുകിടക്കും രാത്രി
ഓരോ ചുവരുകളും ജന്നലുകൾ തിരയുന്നു
വാതിലുകൾ ബ്രായുടെ ഹൂക്കുകളാകുവാൻ പോകുന്ന നേരം,
അഴികൾ ചുവരുകളിൽ ഒഴിച്ചുവെക്കുന്നു
നിലാവിൻ്റെ കുപ്പിയിൽ ഇട്ടുവെച്ചിരുന്ന
ഇന്നലെയുടെ ജാം ഞാനും
തിരച്ചിലുകൾ മതിയാക്കി
വിരലുകൾ ഉടലിൽ തിരിച്ച്
വന്ന് കയറും നേരം
സിഗററ്റുകൾ പോലെ
സ്പർശനങ്ങൾ അവയുടെ കുറ്റികൾ
ഓരോ ഇറ്റിലും വീട്
മേൽക്കൂര ചുമക്കുന്നു
കവിത ഞൊറിയും
കവിതയുടുക്കും ഉടൽ
വിരൽ ഇനിയും ഇറ്റുതീരാത്ത
ചിത്രപ്പണികളുടെ ഞാറ്റുവേല
ചിറകുകളുടെ അഴിയുള്ള
മിനുക്കത്തിൻ്റെ അലമാര
പറക്കുന്നതിൻ്റെ തട്ട് താണു തന്നെയിരിക്കും
ഇരുട്ടുന്നതിന് മുമ്പുള്ള ജനൽ
ഉറക്കമൊഴിയുമ്പോലെ
പറക്കമൊഴിക്കുന്നുണ്ട്
ഓരോ മിന്നാംമിനുങ്ങും
ആകാശവും അലമാരയും ഒരുമിച്ചെടുക്കും അവധികൾ
ഒരു ആകാശവും വലിച്ചു വാരിയിടാത്ത അവധിയലമാരകൾ
മേഘങ്ങളുടെ അലമാര
എന്ന് തട്ട് തട്ടാകും ആകാശം
മിനുങ്ങുന്നതിന് മുമ്പും പിമ്പും
മിനുക്കത്തിൻ്റെ മുക്കുപണ്ടം ഇട്ടുവെക്കുമിടം
രാത്രിയുടെ തസ്കരാ
എന്ന് അതിൻ്റെ കൊള്ളയടിയുടൽ മാത്രം ഒന്നിടവിട്ട് മിനുങ്ങുന്നു
ഭാവിയില്ലാത്ത ഒന്ന് എന്ന്
സ്വയം കരുതുമ്പോഴും
എപ്പോഴും സമൃദ്ധമായ
ഒരു ഭൂതകാലം ഉള്ളിൽ സൂക്ഷിക്കും, കവിത.
ഇനി ഒരു അലമാരയാകുമോ വിരാമം?
ഭൂതകാലം കൊണ്ട് സമ്പന്നമായ
ഗൃഹാതുരത്തം ഓരോ വാക്കിലും
കവിതയും സൂക്ഷിക്കുന്നു
തുളുമ്പുന്നതിന് മുമ്പ്
കവിയുന്നതിനും ഇടയിൽ
സൂക്ഷിക്കുന്നതിൻ്റെ താക്കോലേ
ഇല്ലാത്ത താഴേ
കെട്ടിപ്പൂട്ടി വെക്കുന്നതിൽ
വിശ്വസിക്കാത്ത കസവിൻ്റെ
അരികുകൾ ഉള്ള സ്വാതന്ത്ര്യത്തിൻ്റെ ഞൊറിയേ
ഉടലിൽ
നാഭികൾ
ഭൂതകാലത്തിൻ്റെ അലമാരകൾ
ഏത് നിശ്ചലതയും
ഏത് മുദ്രയും ഇട്ടുവെക്കാവുന്ന
ചുവടുകളുടെ അടരുകളുള്ള
നൃത്തത്തിൻ്റെ തട്ടുകളുള്ള
മിന്നാംമിന്നി പിടിയുള്ള
ഒരലമാരയായെങ്കിൽ എന്ന് ഞാൻ ഉടലിനോട് ചേർന്ന് കിടക്കുന്നു
അവയ്ക്കൊപ്പം മിനുങ്ങുന്നു
അവൾക്കൊപ്പം പറക്കുന്നു
മിഴിക്കുള്ളിൽ പറക്കും മിന്നാംമിന്നി
എന്ന് അവൾ
അപ്പോഴും മിന്നലിനെ കൊഞ്ചിക്കുന്നു
ഒരു മിന്നാംമിന്നുങ്ങിയാവും കാലം
സ്വപ്നം കാണുന്നതാവാം അവൾ
Comments
Post a Comment